By : വിജി കെ. വർഗീസ് 

ഇന്ന് എല്ലാവരുടെയും ചർച്ചാവിഷയം കോവിഡ്-19 അഥവാ  കൊറോണ എന്ന മഹാമാരിയെക്കുറിച്ചാണ്. ലോകത്തിലെ 190 ൽ അധികം രാജ്യങ്ങളിൽ കൊറോണ പടർന്നു പന്തലിച്ചു കഴിഞ്ഞു. അതിൻെറ തിക്തഫലങ്ങൾ ലോകജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ ഇന്ത്യ അടക്കം അവികസിത രാജ്യങ്ങളിൽ മാത്രമല്ല ലോക പോലീസ് ചമഞ്ഞിരുന്ന വികസിത രാജ്യങ്ങളിലും കൊറോണ പെരുകുന്നത് തടയാനോ അതിനു ഒരു മറുമരുന്ന് കണ്ടുപിടിക്കാനോ കഴിയാതെ അന്തം വിട്ടിരിക്കുകയാണ്. എന്ത് ചെയ്യണം എന്നറിയാതെ  ലോകജനതയും ഭരണകൂടങ്ങളും പകച്ചു നിൽക്കുന്നു. ബിസിനെസ്സുകൾ എല്ലാം അടച്ചുപൂട്ടിയിരിക്കുന്നു. പുറത്തിറങ്ങാൻ കഴിയാതെ ജനങ്ങൾ വീടുകളിൽ തന്നെയിരിക്കുന്നു. എന്തുചെയ്യും. പട്ടിണിപെരുകും, ജോലികൾ നഷ്ടപ്പെടും, കമ്പനികൾ അടച്ചുപൂട്ടേണ്ടിവരും, വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ലോക ഭരണകൂടങ്ങളും ജനതയും ഈ വിപത്തിൽ നിന്ന്  കരകയറാനുള്ള വഴികൾ തേടി നെട്ടോട്ടം പായുന്നു. ഈ മഹാമാരി എന്ന് തീരും,  പഴയപോലെ ലോകം എന്നു സാധാരണ രീതിയിലേക്കു തിരിച്ചുവരും. അത് ഇപ്പോഴും പ്രവചനാതീതമാണ്. ഒന്നിനും ഒരു വ്യക്തമായ ഉത്തരം നല്കാൻ ആർക്കും കഴിയുന്നില്ല.

കൊറോണക്ക് ശേഷം ലോകത്തിൻെറ ഗതി എന്തായിത്തീരും എന്നാണ് ഈ  ലോക് ഡൗൺ കാലം നമ്മളെല്ലാവരും ചിന്തിക്കുന്നതു.  ജോലിക്കാർക്ക് അവരുടെ ജോലി നഷ്ടപ്പെടുമോ എന്ന ചിന്ത. ബിസിനെസ്സുകാർക്കു തങ്ങളുടെ സ്ഥാപനവും ബിസിനസ്സും എങ്ങനെ മുന്നോട്ടു നടത്തിക്കൊണ്ടുപോകാൻ കഴിയും എന്ന ചിന്ത.

ചിന്തകൾ നല്ലതാണ്. ചിന്തകളിൽ നിന്ന് നല്ല ആശയങ്ങൾ രൂപപ്പെടും. ആ ആശയങ്ങളിൽനിന്ന് നല്ലൊരു പ്രസ്ഥാനം ഉദിച്ചുയരും. ആ പ്രസ്ഥാനങ്ങൾ   നാളെയുടെ പ്രതീക്ഷകൾക്കായുള്ള വഴി  തെളിയിക്കും.

ഈ  ലോക് ഡൗൺ കാലം ഇങ്ങനെയുള്ള നിരവധി ചിന്തകളുടെ കാലമാണ്. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്നതാണ് എല്ലാവരുടെയും മുന്നിലെ ഏറ്റവും വലിയ പ്രശ്‍നം.

എന്നും പ്രശ്നങ്ങൾ നിറഞ്ഞതാണ് ജീവിതം. കാറ്റും കോളും നിറഞ്ഞ ഒരു സാഗരം പോലെയാണത്. ആ സാഗരത്തിലൂടെ യാത്രചെയ്യുന്ന തോണിക്കാരാണ് നമ്മൾ. പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞതാണ് ആ യാത്ര. കാറ്റിനെയും വമ്പൻ തിരമാലകളെയും അതിജീവിച്ചു മുന്നേറുക എന്നത് വളരെ ക്ലേശകരമാണ്. പക്ഷെ ഇതിനെയെല്ലാം സധൈര്യം നേരിട്ടു ആത്യന്തികമായ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരുന്നവനാണ് യഥാർത്ഥ വിജയി.

വിജയം ആണ് എല്ലാവരുടെയും പരമപ്രധാന  ലക്‌ഷ്യം. നമ്മുടെ പ്രയഗ്നങ്ങൾ എല്ലാം ആത്യന്തികമായ ആ ലക്‌ഷ്യം നേടുന്നതിന് വേണ്ടിമാത്രമാണ്. പക്ഷെ ആ യാത്രയിൽ  എല്ലാവരും ലക്ഷ്യത്തിൽ എത്തിച്ചേർന്ന ചരിത്രം വിരളമാണ്. അതിനു കുറെ ഭാഗ്യവും വേണം .

വിജയികൾ എന്നും വലിയ സ്വപ്‌നങ്ങൾ കാണുന്നവരാണ്.  സ്വപ്‌നങ്ങൾ കാണാത്തവർ ജീവിതത്തിൽ ഒരിക്കലും ഒരിടത്തും എത്തിപ്പെടാറില്ല എന്നതാണ് സത്യം.  സ്വപ്‌നങ്ങൾ കാണുന്നവർക്കാണ് ജീവിതത്തിൽ ലക്ഷ്യബോധം ഉള്ളത്. അവരാണ് താൻ കണ്ട സ്വപ്നം സ്വായത്തമാക്കുവാൻ പരിശ്രമിക്കുന്നത്. ആ പരിശ്രമമാണ് അവരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിപ്പെടുവാൻ സഹായിക്കുന്നത്.

സ്വപ്‌നങ്ങൾ എല്ലാവരും കാണാറുണ്ട്. എന്നാൽ ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിതീർക്കുവാൻ പരിശ്രമിക്കുന്നവർ വളരെ വിരളമാണ്.  എനിക്ക് പലതും ചെയ്യണം, വലിയ ലക്ഷ്യങ്ങൾ നേടണം എന്നൊക്കെ ആഗ്രഹിക്കുന്നവർ നിരവധിയുണ്ട്.  എന്നാൽ അതിനായി കുറച്ചു ബുദ്ധിമുട്ട്  സഹിക്കാനോ,  കഷ്ടപ്പാടുകൾ സഹിക്കാനോ, പ്രയഗ്നിക്കാനോ തയ്യാറുള്ളവർ വളരെ കുറവാണ്. എളുപ്പവഴിയിലൂടെ വിജയം കരസ്ഥമാക്കാനാണ് കൂടുതലും ആൾക്കാർ  ആഗ്രഹിക്കുന്നത്.

പരിശ്രമിക്കാനുള്ള കഴിവും,ആരോഗ്യവും, ബുദ്ധിയും എല്ലാം ദൈവം എല്ലവർക്കും കൊടുത്തിട്ടുണ്ട്. പക്ഷെ അത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നവർ തുച്ഛമാണ്.

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു തന്നെ ചെയ്തിരിക്കണം. പിന്നീട് അതിനെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ല. ഇന്ന് ഒരിക്കലും നമുക്ക് നാളെ ലഭിക്കില്ല.  അതിനാൽ ഇന്ന് ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യുക. നാളയുടെ കാര്യങ്ങൾ വേറെയുണ്ട്. അതായത് ഓരോന്നിനും അത് ചെയ്യേണ്ടതും പറയേണ്ടതുമായ സമയങ്ങളും സാഹചര്യങ്ങളും ഉണ്ട്. ചെയ്യേണ്ടത്  അതാത് സമയത്തുതന്നെ ചെയ്തിരിക്കണം. അതിന് ഒരിക്കലും അലംഭാവം കാണിക്കരുത്.

നമ്മളുടെ പ്രവർത്തികൾ, അതാണ് ലോകം നമ്മെ നാളെ വിലയിരുത്തുന്നതിൻെറ പ്രധാന അളവുകോൽ.

സാഹചര്യങ്ങൾ മനസിലാക്കി അതിനനുസരിച്ചു തീരുമാനങ്ങൾ എടുത്തു മുന്നേറാൻ നമുക്ക് കഴിയണം. അവർക്കേ ജീവിതത്തിൽ വിജയിക്കാൻ കഴിയു.

പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിത യാത്രയിൽ എന്നും ഉണ്ടായിക്കൊണ്ടേയിരിക്കും. അതിനെ അതിജീവിക്കാനുള്ള വഴികൾ നാം സ്വയം കണ്ടെത്തണം. പ്രതിവിധികൾക്കായി മറ്റൊരാളെ ആശ്രയിക്കാൻ പരമാവധി ശ്രമിക്കരുത്. നമ്മുടെ പ്രശ്നങ്ങൾക്കുള്ള പ്രതിവിധികൾ നമ്മൾ തന്നെ സ്വയം ചിന്തിച്ചു കണ്ടുപിടിക്കുന്നതായിരിക്കും ഉത്തമം. മറ്റൊരാൾ നിർദ്ദേശിക്കുന്ന പ്രതിവിധികൾ കൊണ്ട്‌ ഫലപ്രാപ്തി നേടാനാവില്ല എന്നല്ല ഇതിനർത്ഥം. മറിച്ചു പ്രതിസന്ധികളെ സ്വയം നേരിട്ട് വിജയിക്കുന്നത് ആത്മവിശ്വാസം കൂട്ടുകയും മുന്നോട്ടുള്ള യാത്രക്ക് കരുത്തു പകരുകയും ചെയ്യും  എന്നതിൽ സംശയമില്ല.

ഈ കോറോണക്ക് ശേഷമുള്ള കാലം ജോലിയുടെ കാര്യത്തിലായാലും ബിസിനസിൻെറ  കാര്യത്തിലായാലും മുന്നോട്ടുള്ള വഴികൾ ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും. തരണം ചെയ്യാൻ പ്രതിസന്ധികൾ നിരവധിയാണ്. അവ മനസിലാക്കി പ്രതിവിധികൾ സ്വയം കണ്ടെത്താൻ ശ്രമിക്കണം.

വിദഗ്ധർ  പറയുന്നത്  കൊറോണ കഴിയുമ്പോൾ വൻതോതിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നാണ്. അത്  സാധാരണ ജനങ്ങളിലും ബിസിനസ് ലോകത്തും വൻതോതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. വ്യവസായങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണി നേരിടും. കടം പെരുകും. ജോലികൾ നഷ്ടമാകും. പിടിച്ചുനിൽക്കാൻ സാധാരണ ജനങ്ങളും വ്യവസായ ലോകവും വളരെ പാടുപെടേണ്ടി വരും.

ഇത്‌പോലൊരു പ്രതിസന്ധി ഇന്നത്തെ ലോകജനത ഇതുവരെ അനുഭവിച്ചിട്ടുണ്ടാകില്ല. മാസങ്ങളോളം വീടുകളിൽ അടച്ചുപൂട്ടി ഇരിക്കേണ്ടുന്ന അവസ്ഥ ലോക ജനത സ്വപ്നത്തിൽപ്പോലും കണ്ടിട്ടുണ്ടാകില്ല. ജയിലറകളിൽ അടക്കപ്പെട്ട തടവുകാരെപ്പോലെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ. എന്ത് ചെയ്യണമെന്ന് അറിയാതെ. അതെ.. നമ്മൾ പ്രതീക്ഷിക്കുന്നതുപോലെയല്ല പലപ്പോഴും സംഭവിക്കുന്നത്.  ജീവിതം പലപ്പോഴും പ്രവചനാതീതമാണ്.

മുന്നിൽ പരീക്ഷണങ്ങളുടെ നാളുകളാണ്. എങ്ങനെ  മുന്നോട്ടു നീങ്ങാൻ കഴിയും എന്ന ചിന്തകൾ . എങ്ങനെ പഴയ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയും? ബിസിനസും ജീവിതവും ഒക്കെ എങ്ങനെ പച്ചപിടിപ്പിച്ചു കൊണ്ടുവരാൻ കഴിയും? ഈ സമയത്തു നമ്മൾ ചിന്തിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും ഈ ചോദ്യങ്ങൾക്കാണ്.

വരേണ്ടത് വഴിയിൽ തങ്ങില്ല എന്ന് പറഞ്ഞു കൈയും കെട്ടി  വെറുതെയിരുന്നിട്ടു കാര്യമില്ല. അങ്ങനെയിരുന്നാൽ പ്രതിസന്ധികളാകുന്ന തിരമാലയിൽ എല്ലാം മുങ്ങിത്താഴും. അത് എല്ലാത്തിൻെറയും അവസാനമായിരിക്കും. അതിനു നിന്നുകൊടുക്കാതെ മുന്നിൽ വരുന്ന ഏതു പ്രതിസന്ധിയെയും സധൈര്യം നേരിടാൻ  നമ്മൾ പരിശ്രമിക്കണം.

കാലം ഒരു വലിയ അദ്ധ്യാപകനാണ് എന്ന് പറയുന്നത് എത്ര ശരിയാണ്.  ഈ കൊറോണക്കാലം നമ്മെ ഒരുപാടു പുതിയ കാര്യങ്ങൾ പഠിപ്പിച്ചു തന്നില്ലേ.  അതും നമ്മൾ ആവശ്യപ്പെടാതെ തന്നെ. അതാണ് കാലത്തിൻെറ വികൃതികൾ.

വീട്ടിൽ മാസങ്ങളോളം അടച്ചുപൂട്ടി  തടവുപുള്ളികളെപ്പോലെ ഇരിക്കാൻ  നമ്മൾ പഠിപ്പിച്ചു.

എന്നും പുറത്തുപോകാതെ ഉറക്കം വരാതിരുന്നവർക്ക് അതിനൊന്നും കഴിയാതെ വീട്ടിൽ ഭാര്യയും മക്കളും മറ്റു കുടുംബാംഗങ്ങളുമായി സമയം ചിലവിടാൻ പഠിച്ചു.

എന്നും ഫാസ്റ്റ് ഫുഡും ജംഗ് ഫുഡും ഹോട്ടൽ ഫുഡും  കഴിച്ചിരുന്ന നമ്മുടെ പുതു തലമുറ വീട്ടിലെ കഞ്ഞിയും പയറും സ്വാദോടെ കഴിച്ചു ജീവിക്കാൻ പഠിച്ചു.

സിനിമ ശാലകളിലും മാളുകളിലും കറങ്ങി സമയം കളഞ്ഞിരുന്നവർ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ പഠിച്ചു.

കൂട്ടുകാരില്ല, ജോലിക്കാരില്ല, എല്ലാം സ്വയം ചെയ്തു ഒതുങ്ങി ജീവിക്കാനും   പഠിച്ചു.

സ്വയം പര്യാപ്തത നേടേണ്ടതിൻെറ ആവശ്യകത നാം പഠിച്ചു.

പണം ആണ് ലോകത്തിൽ ഏറ്റവും വലുത് എന്നതു  ഒരു മിഥ്യാധാരണയാണെന്ന് ലോകം അറിഞ്ഞു. എത്ര പണമുണ്ടായിട്ടും സ്വന്തം ജീവൻ രക്ഷിക്കാൻ ആകാത്ത അവസ്ഥ. അതും നമ്മൾ കണ്ടു.

നാം എന്താണ് എന്ന സത്യം നമ്മൾ ആവശ്യപ്പെടാതെ  തന്നെ കാലം നമ്മെ പഠിപ്പിച്ചു.

ഈ ലോകത്തു തന്നെക്കാൾ  വലിയവർ വേറെയില്ല എന്ന് അഹങ്കരിച്ചിരുന്നവർ, ലോക രാജ്യങ്ങളിൽ വലിയേട്ടൻ ചമഞ്ഞിരുന്നവർ, അവർ ഒന്നുമല്ലെന്ന് അവരെ  പഠിപ്പിക്കാൻ,  പ്രകൃതിയുടെ കളിവിളയാട്ടത്തിനു മുന്നിൽ തങ്ങൾ വെറും വട്ടപൂജ്യമാണെന്നു  കാണിച്ചുകൊടുക്കാൻ ഒരു കൊറോണ വേണ്ടിവന്നു.

സാഹചര്യങ്ങൾ, അനുഭവങ്ങൾ ആണ് നമ്മുടെ പ്രധാന ഗുരു. നമ്മുടെ കൺമുന്നിൽ കാണുന്ന, ചുറ്റുവട്ടത്തു സംഭവിക്കുന്ന കാര്യങ്ങളിൽനിന്നും നമുക്ക് പഠിക്കാൻ ഒരുപാടുണ്ട്. അത് നാം കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ കോറോണയുടെ കാലം അതും നമ്മെ പഠിപ്പിച്ചു.

ഒരിക്കലും പ്രതിസന്ധികൾ  വരുമ്പോൾ പിന്തിരിഞ്ഞു ഓടാതിരിക്കുക. അതിനെ സധൈര്യം നേരിടാനുള്ള ചങ്കുറപ്പ് നമുക്കുണ്ടായിരിക്കണം. അവിടെയാണ് നമുക്ക് നമ്മുടെ കഴിവ് പ്രകടിപ്പിക്കേണ്ടത്. പ്രതിസന്ധികളെ മറികടക്കാൻ എനിക്ക് കഴിയില്ല എന്ന് സ്വയം തീരുമാനിക്കുന്നവർ വിഢികളാണ്. പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നോട്ടു സഞ്ചരിച്ചവരാണ് ജീവിത വിജയം നേടിയ ധീര യോദ്ധാക്കൾ.

ഗാന്ധിജിയും മാർട്ടിൻ ലൂഥറും നെൽസൺ മണ്ടേലയും ഒക്കെ മഹത് വ്യക്തികൾ ആയതും ലോകം അവരെ ആദരിക്കുന്നതും കർമപഥത്തിൽ അവർ വിജയം വരിച്ചതുകൊണ്ടായിരുന്നു. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സ്വപ്നം കണ്ട ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ സധൈര്യം മുന്നേറി വിജയപഥത്തിൽ എത്തിച്ചേർന്നവരാണ് അവരൊക്കെ.

തോൽവികളും പരീക്ഷണങ്ങളും പലപ്പോഴും കർമപഥത്തിലെത്തുന്നതിന്  വെല്ലുവിളികൾ ഉയർത്തി മുന്നിലുണ്ടാകാം. ടെൻസിംഗും ഹിലാരിയും ആദ്യശ്രമത്തിലല്ല പലവട്ടം പരിശ്രമിച്ചിട്ടാണ് ഒടുവിൽ എവറെസ്റ്റ്  കൊടുമുടി കീഴടക്കിയത്. തോൽവികളും വെല്ലുവിളികളും കണ്ടു പേടിച്ചു പിൻവാങ്ങിയാൽ ഒരിക്കലും വിജയം നേടാനാകില്ല. അതെല്ലാം മുന്നോട്ടു കുത്തിക്കാനുള്ള ഉത്തേജകങ്ങളായി കരുതി പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വേണം മുന്നോട്ടു കുതിക്കാൻ. അത് നമ്മുടെ ലക്‌ഷ്യം സാദൂകരിക്കും.

പതറരുത്. എന്തുവന്നാലും അതിനെ സധൈര്യം നേരിടുന്നതിനുള്ള മനസുറപ്പുണ്ടായിരിക്കണം. പ്രശ്നങ്ങളെ, പ്രതിസന്ധികളെ അതുണ്ടാകുമ്പോൾ നേരിടാനുള്ള മാർഗങ്ങൾ സ്വയം കണ്ടെത്തണം. ചാണക്യനെപ്പോലെ ബുദ്ധിയുപയോഗിച്ചു തന്ത്രങ്ങൾ സ്വയം മെനഞ്ഞു  പ്രവർത്തിക്കാനും അതുവഴി വിജയം നേടാനും കഴിയണം.

ഒരു കാര്യം സത്യമാണ്. പ്രതിസന്ധികളിൽ പിന്തിരിഞ്ഞോടുന്നവർ ഒരിക്കലും വിജയിച്ച ചരിത്രമില്ല. എന്നാൽ പോരാടി മുന്നേറിയവർ, വിജയംവരിച്ചവർ ചരിത്ര താളുകളുടെ  തങ്കലിപികളിൽ ശോഭിച്ചു നിൽക്കുന്നു.

വ്യക്തിജീവിതത്തിലും ലോകചരിത്രത്തിലും എന്നും പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അതിൽനിന്നൊന്നും ഒരിക്കലും ഓടിയൊളിക്കാൻ ശ്രമിക്കരുത്.

കൊറോണയെയും അതുപോലെ കാണണം. പ്രതിബന്ധങ്ങൾ ഒരുപാടുണ്ട് തരണം ചെയ്യാൻ. ഒന്നോർക്കണം. ഒരിക്കലും നമ്മൾ പരാജയം സമ്മതിച്ചു തളർന്നിരിക്കരുത്. പോരാടി വിജയിച്ച ചരിത്രമുള്ളവരാണ് നമ്മളെന്നോർക്കണം. സുനാമിയും, വെള്ളപ്പൊക്കവും, ഭൂകമ്പങ്ങളും, യുദ്ധങ്ങളും നമ്മൾ കണ്ടവരാണ്.  ഇതൊക്കെയുണ്ടായപ്പോൾ എല്ലാവരും ഇതുപോലെത്തന്നെ പറഞ്ഞു, എല്ലാം നശിച്ചു,  ഇതു അവസാനമാണ്, ഈ സാഹചര്യം അതിജീവിക്കാൻ നമുക്ക് കഴിയില്ല എന്നൊക്കെ. പക്ഷെ എന്ത് സംഭവിച്ചു. എല്ലാം അതിജീവിച്ചു നാം മുന്നോട്ടു കുതിച്ചില്ലേ. ഇവിടംവരെ എത്തിയില്ലേ.

ചിന്തിക്കണം. ഒന്നും ഒന്നിൻെറയും അവസാനമല്ല എന്ന തിരിച്ചറിവ് ഉണ്ടായിരിക്കണം. പോരാടി ജയിച്ച ചരിത്രമുള്ളവരാണ് നാം.

ഇത് ഒരു പുതിയ തുടക്കമാണ്. അവിടെ ശ്രദ്ധയോടെ, ആലോചിച്ചു, പുതിയ തീരുമാനങ്ങളും, തന്ത്രങ്ങളും   സമാഹരിച്ചു വിജയം മാത്രം ലക്‌ഷ്യം കണ്ടു മുന്നേറണം.

ഇവിടെ, നമ്മുടെ തെറ്റുകൾ തിരിച്ചറിയാനും, അത് തിരുത്താനും, പുതിയ ചിന്താധാരകൾ ഉൾക്കൊള്ളാനും, ചാണക്യ തന്ത്രങ്ങൾ ആവിഷ്കരിച്ചു, കരുതലോടും പ്രാപ്തിയോടും കൂടി വിജയമന്ത്രങ്ങൾ ഉരുവിട്ട് മുന്നോട്ടു കുതിക്കാൻ കഴിയണം.

ഒരിക്കലും തളരരുത്. വിജയം കരുതന്മാർക്കും, സാഹസികൾക്കും, യോദ്ധാക്കൾക്കും അവകാശപ്പെട്ടതാണെന്ന തിരിച്ചറിവോടെ മുന്നോട്ടു കുതിക്കണം.

എനിക്ക് വിജയിക്കണം. വിജയിച്ചേ മതിയാകു. ഇപ്പോൾ മുന്നിലുള്ളതെല്ലാം എനിക്കൊരു വെല്ലുവിളിയെ അല്ല. എല്ലാ മതിൽകെട്ടുകളും  പൊളിച്ചു നാം മുന്നോട്ടു കുതിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ കരുത്തും ശക്തിയും ആർജ്ജിച്ചു  മുന്നേറുക.

ശക്തനായ യോദ്ധാവിനു മുന്നിൽ എത്ര വലിയ  കോട്ടകൊത്തളങ്ങളായാലും അതിന് ഒരു പരിധിയിൽ കൂടുതൽ സമയം പിടിച്ചുനിൽക്കാൻ കഴിയില്ല.

ഈ കൊറോണയും ഇപ്പോഴത്തെ പ്രതിസന്ധികളും എല്ലാം താല്കാലികമാണ്.  പ്രശ്നങ്ങൾ ഉണ്ട്. അവയെയെല്ലാം തരണം ചെയ്തു കാലത്തിനൊത്തു നാം  മുന്നോട്ടു കുത്തിക്കുകതന്നെ ചെയ്യും. അതാണ് ചരിത്ര സത്യം.

കരുത്തും  ഇച്ഛാശക്തിയും ഉള്ള ഒരു ജനതക്കുമുന്നിൽ പ്രതിബന്ധങ്ങൾ ഒന്നുമല്ല. ഈ കൊറോണക്കാലവും കടന്നു നമ്മൾ  കത്തിച്ചാമ്പലായ ചാരക്കൂമ്പാരത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരും എന്ന സത്യം ഓർമ വെക്കുക. തളരാതെ പോരാടുക. വിജയമാണ്  നമ്മുടെ  ലക്‌ഷ്യം. അത് നമ്മുടെ അവകാശമാണ്. നമ്മൾ വിജയിക്കുക തന്നെ ചെയ്യും. അന്നും... ഇന്നും... എന്നും...