മഹാമാരികൾ നമ്മുടെ ലോകത്ത്‌  വൻ  നാശനഷ്ടങ്ങൾ വിതച്ച ചരിത്രങ്ങൾ ഒരുപാട്  പറയാനുണ്ടായിരിക്കാം. അതിനെയെല്ലാം ലോകരാജ്യങ്ങൾ അതിജീവിച്ച ചരിത്രവും നമുക്ക് മുന്നിലുണ്ട്. എന്നാൽ ഇപ്പോൾ ലോകത്താകമാനം പൊട്ടിപുറപ്പെട്ടിരിക്കുന്നതും ലോകജനതയെയും സാമ്പത്തിക മേഖലയെയും ഒന്നാകെ പിടിച്ചു കുലുക്കിയിരിക്കുന്നതുമായ കൊറോണ അഥവാ കോവിഡ്-19 എന്ന മഹാമാരിയും അത് വിതച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്. ഇനി അതുമൂലം ഭാവിയിൽ ലോകവും ലോകജനതകളും അനുഭവിക്കേണ്ടിവരുന്നതുമായ പ്രത്യാഘാതങ്ങളും, അതിജീവിക്കേണ്ടതായ പ്രതിസന്ധികളും മുൻ കാലങ്ങളിലേക്കാൾ വളരെ വലുതായിരിക്കും എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ മഹാമാരിയുടെ പ്രതിഫലനങ്ങൾ ലോകത്തെയാകെ ഒരു നീരാളിപ്പിടുത്തത്തിൽ അകപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ് പരമമായ സത്യം. ലോക സാമ്പത്തിക ഭദ്രതയുടെ കഴുത്തിലാണ് കൊറോണ എന്ന നീരാളിയുടെ കരാള ഹസ്തങ്ങൾ മുറുക്കിപ്പിടിച്ചിരിക്കുന്നത്.

ആവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവ്, അത് എത്തിക്കുന്നതിനുള്ള സൗകര്യക്കുറവ്, അഥവാ എത്തിക്കാൻ സാധിച്ചാൽ തന്നെ അതിനു വേണ്ടിവരുന്ന ഭീമമായ യാത്രാ  ചെലവ്. അതുമൂലം  നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഉണ്ടാകുന്ന വർധന സാധാരണക്കാരുടെ ജീവിതച്ചിലവുകൾ വർധിപ്പിച്ചിരുന്നു.  ഇത് സാധാരണ ജനജീവിതത്തിൽ ഒരു വലിയ ഭാരം ആയി മാറിയിരിക്കുകയാണ്.

ഏകദേശം ഒരു മാസത്തോളം ജോലിയില്ലാതെ വീട്ടിൽ ഇരിക്കുക. ഈ കാലയളവിലെ ശമ്പളം കിട്ടുമോ എന്ന കാര്യത്തിൽ ജോലിക്കാരിൽ ഭൂരിഭാഗവും ആശങ്കാകുലരാണ്. എന്ത് കാരണങ്ങൾ കൊണ്ടാണെങ്കിലും ജോലിക്കു പോകാതെ എങ്ങനെ ശമ്പളം കിട്ടും എന്ന ചിന്ത തൊഴിലാളികളെയും, ജോലിക്കു വരാതെ എങ്ങനെ വീട്ടിൽ ഇരിക്കുന്നവർക്ക് ശമ്പളം കൊടുക്കും എന്ന ചിന്ത തൊഴിൽദായകരെയും അലട്ടുന്ന പ്രശ്നങ്ങൾ ആണ്.  ഇപ്പോൾ ഉണ്ടായിരിക്കുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്തു തൊഴിലാളികൾക്ക് ശമ്പളം കൊടുക്കണം എന്ന് സർക്കാർ തൊഴിലുടമകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.  പക്ഷെ തൊഴിലുടമകൾ പറയുന്നത് ഈ കാലയളവിൽ അവർക്കു ബിസിനസ് ഒന്നും നടക്കുന്നില്ല. വരുമാനം അവർക്കുമില്ല. പിന്നെങ്ങനെ ശമ്പളം കൊടുക്കും. ചോദ്യം അർത്ഥവത്തും അതിനുള്ള ഉത്തരം അനശ്ചിതവും ആണ് എന്ന് മാത്രം. അതിനാൽ ആർക്കൊക്കെ ഈ കാലയളവിലെ ശമ്പളം കിട്ടും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്. ഇത് വല്ലാത്ത ഒരു സാമ്പത്തിക പ്രതിസന്ധിക്കു കാരണമായിത്തീരും എന്ന കാര്യത്തിൽ സംശയം വേണ്ട.

നാടുകളിലും നഗരങ്ങളിലും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. അതാതു ദിവസം ചെയ്യുന്ന പണിക്കു അതാതുദിവസം കിട്ടുന്ന കൂലികൊണ്ടു അന്നം തേടുന്നവർ. അതുപോലെ ചെറിയ ചെറിയ ബിസിനസ് ചെയ്തു അതാതു ദിവസത്തെ അന്നം തേടുന്നവരും നഗരങ്ങളിൽ ഒരുപാടുണ്ട്. ഈ ദൈനംദിന വരുമാനക്കാരുടെ കാര്യം ഏറെ പരിതാപകരമാണ്.

ജോലിയില്ല,  വരുമാനമില്ല. എത്രനാൾ ഇത് തുടരും? ഇങ്ങനെയായാൽ ജീവിതം എങ്ങനെ മുന്നോട്ടു പോകും? വാടക കൊടുക്കണം. ലോണുകളുടെ EMI  അടക്കണം. എന്ത് ചെയ്യും? എല്ലാവരുടെയും മുന്നിൽ വലിയ ചോദ്യചിഹ്നം. പക്ഷെ അതിനുള്ള ഉത്തരം കിട്ടുന്നുമില്ല.

സാധാരണക്കാരേക്കാൾ കൂടുതലായി ബിസിനസ് ലോകത്തെയാണ് ഈ വൈറസ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.  സാമ്പത്തിക മേഖല ദിനംപ്രതി താറുമാറായിക്കൊണ്ടിരിക്കുകയാണ്. അത് രാജ്യത്തിൻെറയും  ജനതകളുടേയും സാമ്പത്തിക ഭദ്രതയെ അടിമുടി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ജീവിതം ഒരു  സൈക്കിൾ പോലെയാണ്. ഓരോരുത്തരും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മറ്റൊരാളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിക്കായി ആരും വീടുവിട്ടിറങ്ങുന്നില്ല. അതുകൊണ്ടു കടകമ്പോളങ്ങൾ തുറക്കുന്നില്ല, വാഹനങ്ങൾ ഓടുന്നില്ല, ബിസിനസ് ഒന്നും നടക്കുന്നില്ല. ജനജീവിതത്തിൻെറ കേന്ദ്രബിന്ദുവായ ബിസിനസ് നടക്കുന്നില്ലെങ്കിൽ വരുമാനം എവിടെനിന്നു വരും. ബിസിനെസ്സ് മേഖല ആകെ ഒരു  സ്തംഭനാവസ്ഥയിലാണിന്ന് വന്നെത്തി നിൽക്കുന്നത് എന്നുവേണം പറയാൻ.

ടൂറിസം, വ്യോമയാനം മേഖലയിലാണ് കൊറോണ ഏറെ  ബാധിച്ചിരിക്കുന്നത്. ഈ മേഖലയിലെ ബിസിനസ് ഒന്നാകെ തകർന്നടിഞ്ഞിരിക്കുകയാണ്. അവരുടെയൊക്കെ വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ഏറ്റവും വലിയ  സീസൺ ആയ വെക്കേഷൻ ടൂറിസം യാത്രകളാണ് നഷ്ടമായിരിക്കുന്നത്.  ഒരു വർഷത്തെ വരുമാനത്തിൻെറ സിംഹഭാഗവും ഇല്ലാതായിരിക്കുന്നു. ബുക്കിംഗ് ഒന്നും നടക്കുന്നില്ല. നടന്ന ബുക്കിംഗ് ക്യാൻസൽ ആയിരിക്കുന്നു. കേരളം തുടങ്ങിയ ടൂറിസത്തെ ആശ്രയിച്ചുകഴിയുന്ന നാടുകളിലെ ലക്ഷക്ണക്കിന്  ആൾക്കാരുടെ ഉപജീവന മാർഗവും ബിസിനസ് സ്വപ്നങ്ങളുമാണ് തകർന്നടിഞ്ഞിരിക്കുന്നത്.

റീറ്റെയ്ൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലും കൊറോണകൊണ്ടുള്ള പ്രത്യാഘാതങ്ങളും  അതുവഴിയുണ്ടാകുന്ന നഷ്ടങ്ങളും  വളരെ വലുതാണ്.  പ്രതിസന്ധികൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ള മേഖലകളിലേക്കും അത് വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിൻെറ ആന്തരികഫലങ്ങൾ പ്രവചനാതീതമാണ് എന്നതിൽ സംശയമില്ല.

സ്റ്റോക്ക് മാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്കാണ് വീണിരിക്കുന്നത്.  വിപണി സൂചിക താഴോട്ടു കുതിക്കുന്നതിനു ഒരു തടയണപോലും ഇല്ലാത്ത അവസ്ഥയിലാണ് എത്തിച്ചേർന്നിരിക്കുന്നത്. വാങ്ങിവച്ചിരുന്ന ഷെയറുകളുടെ മൂല്യം താഴോട്ട് കുതിച്ചുകൊണ്ടിരിക്കുന്നതു നിസ്സഹായതയോടെ നോക്കിനിക്കുന്ന നിക്ഷേപകർ. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ കഴിയാത്ത നിസ്സഹായാവസ്ഥ. കോടികളുടെ സമ്പാദ്യശേഖരം കൺമുന്നിൽ ഒന്നുമല്ലാതായി തീരുന്നതിൻെറ രോധനങ്ങൾ.

അതുപോലെ കയറ്റുമതി വ്യവസായം താറുമാറായി കിടക്കുന്നു. കയറ്റുമതി കമ്പനിക്കാർ  വാങ്ങിക്കൂട്ടിയ ഒരുപാടു സാധനങ്ങൾ കയറ്റി അയക്കാനാകാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. കര, കടൽ, വായു മാർഗങ്ങളിലൂടെ സാധനങ്ങൾ ഒന്നും തന്നെ അയക്കാൻ പറ്റുന്നില്ല. ഒരു പരിധികഴിഞ്ഞാൽ പഴകിപ്പോകുന്നതും നശിച്ചുപോകുന്നതുമായ സാധനങ്ങൾ വാങ്ങികൂട്ടിയിരിക്കുന്നവർ ഉണ്ടാകാൻ പോകുന്ന വലിയ നഷ്ടത്തിൻെറ കണക്കുനോക്കി അന്തംവിട്ടിരിക്കുകയാണ്.

നിരവധി കമ്പനികൾ പാപ്പരായി മാറാവുന്ന സാഹചര്യങ്ങൾ മുന്നിൽ കാണുന്നു. ബിസിനസ് ഇല്ലാതെ അവർക്കു മാർക്കറ്റിൽ  പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കാൻ പോകുന്നത്. തത്ഫലമായി ഒരുപാടുപേരുടെ ജോലി നഷ്ടതയാണ് ഉണ്ടാകുന്നത്. അല്ലെങ്കിൽതന്നെ നിലവിൽ ജോലി ലഭ്യത വളരെ കുറവാണു. പിന്നെ ഉള്ളതുകൂടി പോയാലോ. രണ്ടരക്കോടിയിലേറെ ആളുകളുടെ ജോലി കൊറോണയുടെ പ്രത്യാഘാതമായി നഷ്ടപ്പെടാൻ സന്ധ്യതയുള്ളതായി ഇൻറ്റർനാഷണൽ  ലേബർ ഓർഗനൈസേഷൻ പ്രാരംഭ മുന്നറിയിപ്പ് നൽകുന്നു. അത് വരും നാളുകളിൽ എത്രത്തോളും കൂടും എന്ന് കാത്തിരുന്ന് കാണണം.

അമേരിക്കപോലുള്ള രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴുന്നതായി സമ്മതിച്ചിരിക്കുന്നു. അപ്പോൾ മറ്റു രാജ്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. വികസിത രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും എല്ലാം കൂടി ലക്ഷം കോടി ഡോളറിലേറെ തുകയുടെ നഷ്ടം ഉണ്ടാകാമെന്നാണ് യു.എൻ. കണക്കാക്കുന്നത്.  ഇന്ത്യ പോലുള്ള രാജ്യത്തു ഇതിൻെറ പ്രത്യാഘാതം വളരെ വലുതായിരിക്കും.

"ഈ കൊറോണ എന്ന മാരണം ഇത്രവലിയ ഒരു മഹാമാരിയായി തീരുമെന്ന് ഒരിക്കലും കരുതിയില്ല. ഒരാഴ്ച കഴിയുമ്പോൾ എല്ലാം ശരിയാകും എന്നാണ് കരുതിയത്.  ചില്ലറ നഷ്ടങ്ങൾ കൊണ്ട് തീരും എന്ന് കരുതി.  പക്ഷെ കാര്യങ്ങൾ ഇങ്ങനെ കൈവിട്ടു പോകുമെന്ന് കരുതിയില്ല. എല്ലാം അനിശ്ചിതത്വത്തിൽ ആണ്. ഒന്നിനും ഒരു ഉറപ്പില്ല. ഇനിയും എത്ര നാൾ. ഓർഡറുകൾ ഒന്നും കിട്ടുന്നുമില്ല, കിട്ടിയത് ചെയ്തുകൊടുക്കാൻ സാധിക്കുന്നുമില്ല. വരുമാനം എല്ലാം നിലച്ചു. കമ്പനി തുറന്നാലും ഇല്ലങ്കിലും വാടക, ലോൺ തിരിച്ചടവ്, പിന്നെ  മറ്റു ചിലവുകൾ  ഇല്ലാതാവുമോ? സാധാരണക്കാരായ ബിസിനെസ്സുകാർക്കു പരിമിതികളും പ്രാരാബ്ദങ്ങളും ഒരുപാടുണ്ട്. എന്താണ് ചെയ്യുക എന്ന് ഒരു പിടിയും കിട്ടുന്നില്ല. ആരോടാ ഇതൊക്കെ പറയുക. അഥവാ പറഞ്ഞാൽ തന്നെ പ്രതിവിധി എന്താണ്. ഇങ്ങനെ മുന്നോട്ട് അനിശ്ചിതത്വം നിലനിന്നാൽ എല്ലാം അടച്ചുപൂട്ടേണ്ടിവരും. വരുന്നത് വരുന്നിടത്തുവെച്ചു കാണാം. അല്ലാതെന്താ ചെയ്ക." പരിചയക്കാരനായ ഒരു ചെറുകിട സംരംഭകൻെറ വാക്കുകളിൽ അനശ്ചിതത്വം നിഴലിച്ചിരുന്നു.

കൊറോണ എന്ന മഹാമാരി ജീവന് മാത്രമല്ല അത് ആഗോള സാമ്പത്തിക പ്രതിസന്ധിക്കു കരണഹേതു  ആയി മാറിയിരിക്കുകയാണ് എന്നതിൽ സംശയമില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്തതും ആവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും സാധാരണ ജനജീവിതത്തെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‍നങ്ങൾ. എന്നാൽ ബിസിനസ് ലോകം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വിധം വലിയ പ്രതിസന്ധിയിലാണ് എത്തി നിൽക്കുന്നത്. അഗാധതയിലേക്ക്  നിപതിച്ചുകൊണ്ടിരിക്കുകയാണ് വ്യവസായ ലോകം. അതിൽനിന്നു എങ്ങനെ കരകയറും, അതിന് എത്രനാൾ എടുക്കും? ലോകവും ലോക ജനതയും പ്രതിവിധിക്കായി ഉറ്റുനോക്കികൊണ്ടിരിക്കുന്നു !!