By : വിജി കെ. വർഗീസ് 

ഇന്ന് ഇന്ത്യയിൽ വളരെ പ്രസിദ്ധമായതും പരക്കെ പടർന്നു പന്തലിച്ചു കിടക്കുന്നതുമായ  ഒരു  വലിയ പ്രസ്ഥാനമാണ് ചിട്ടി കമ്പനികൾ.  അത് പട്ടണത്തിലായാലും ഗ്രാമങ്ങളിൽ ആയാലും സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ വളരെ പ്രസിദ്ധമാണ്. ചെറുതും വലുതുമായ പേരും പെരുമയുമുള്ള നിരവധി ചിട്ടി കമ്പനികൾ നമ്മുടെ നാട്ടിലുണ്ട്. പെട്ടന്ന് പണത്തിനു ആവശ്യം വന്നാൽ, അത് വിവാഹത്തിനോ  ബിസിനസിനോ ആശുപത്രി കാര്യത്തിനോ  അങ്ങനെ എന്തുമായിക്കൊള്ളട്ടെ, ചെറുതോ വലുതോ ആയിക്കൊള്ളട്ടെ എന്തിനും ഏതിനും ഒരു പെട്ടെന്നുള്ള  പരിഹാരമാർഗമായി എല്ലാവരും ചിട്ടിയെ കാണുന്നത്.

ചിട്ടി, കുറി, ലേലകുറി, ഏലം ചിട്ടി,  ബിസി, കമ്മറ്റി ഇങ്ങനെയുള്ള പലപല പേരുകളായിലായി ഇന്ത്യയിലുള്ള ഒരുവിധം എല്ലാ സംസ്ഥാനങ്ങളിലും വ്യാപിച്ചു കിടക്കുന്നതാണ് ചിട്ടി പ്രസ്ഥാനം.  ഈ  പ്രസ്ഥാനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ നാട്ടിൽ.  ചാണക്യൻ ജീവിച്ചിരുന്ന ബിസി 300 കളിൽ  ചിട്ടികൾ  ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. അന്ന് പരസ്പര ധാരണപ്രകാരം  ഒരു  കൂട്ടം വ്യാപാരികൾ തമ്മിൽ ഒരു നിശ്ചിത തുക മാസംതോറും പിരിച്ചെടുത്തു ആവശ്യക്കാർക്ക് വ്യാപാരത്തിനായി കൊടുക്കുന്ന സമ്പ്രദായം നടത്താൻ ചാണക്യൻ  അനുമതി നൽകിയിരുന്നതായി പറയപ്പെട്ടിരുന്നു. ഇന്നത്തെ നമ്മുടെ ചിട്ടി പ്രസ്ഥാനത്തിൻെറ പ്രാരംഭ രൂപമായിരുന്നു ഇത്. അന്നുമുതൽ ഇന്നുവരെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇതുപോലുള്ള ആവശ്യങ്ങൾക്കായി പരസ്പര സഹായ സഹകരണ സംഘങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.