ആദ്ധ്യായം  - 2 

By  വിജി കെ. വർഗീസ് 


ഒരു ബിസിനസ് തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ടതായ കാര്യങ്ങൾ ഒരുപാടുണ്ട്. സ്വപ്‍നം കാണുക ഒരു ചിലവും ഇല്ലാത്ത പണിയാണ്, പക്ഷെ അത് പ്രാവർത്തികമാക്കാൻ കടമ്പകൾ ഒരുപാടു കടക്കേണ്ടതായിട്ടുണ്ട്.


തുടങ്ങാൻ പോകുന്ന ബിസിനസ് എന്തായിരുന്നാലും അതിനെപ്പറ്റിയുള്ള ശരിയായ  അറിവും വ്യക്തമായ കാഴ്ചപ്പാടും സംരംഭകന് ഉണ്ടായിരിക്കണം. അനുഭവജ്ഞാനം ഏതൊരു കാര്യത്തിനും വളരെ അത്യാവശ്യമാണ്. തെറ്റും ശെരിയും തിരിച്ചറിയാനും  ശരിയായ പാതയിൽ മുന്നോട്ടു നീങ്ങാനും അത് വളരെ ആവശ്യമാണ്.


ഏതൊരു കാര്യം ചെയ്യാനായി മുന്നിട്ടിറങ്ങുമ്പോൾ  നമുക്ക് അതിനെപ്പറ്റി വിവരം കുറവാണെന്നു മറ്റുള്ളവർക്ക് മനസ്സിലായാൽ പറഞ്ഞു പറ്റിക്കാനും കഴിവുകുറവിൽനിന്നു മുതലെടുക്കാനും കൂടെ നിൽക്കുന്ന എല്ലാവരും ശ്രമിക്കുന്നത്  സാധാരണമാണ്.  അതിൽനിന്നു രക്ഷപ്പെടാനാണ് നമുക്ക് വിവരം ഉണ്ടായിരിക്കേണ്ടത്.  ചെയ്യാൻ പോകുന്ന ബിസിനസ് എന്തായിരുന്നാലും അതിനെപ്പറ്റിയുള്ള പരിജ്ഞാനം നടത്തിപ്പുകാരാണ് ഉണ്ടായിരിക്കണം  എന്ന് പറയാൻ  കാരണം അതാണ്. 


അടുത്ത  ഘട്ടം ബിസിനസിന്  ഒരു രെജിസ്ട്രേഷൻ നേടിയെടുക്കുക എന്നതാണ്.  തുടങ്ങാൻ  പോകുന്ന ബിസിനസ് എന്തായിരുന്നാലും അത്  നാട്ടിലെ നിയമങ്ങൾക്ക്അ നുസൃതമായിരിക്കണം. അതിനുവേണ്ട എല്ലാവിധ രെജിസ്ട്രേഷനും പേപ്പർ വർക്കും നടത്തിയിരിക്കണം. ഇല്ലെങ്കിൽ നാളെ അത് പല നിയമപ്രശ്നങ്ങൾക്കും കരണമായിത്തീരാൻ വഴിയൊരുക്കും. ശരിയായ രീതിയിൽ വേണ്ടുന്ന  രെജിസ്ട്രേഷനും മറ്റും എടുക്കാതെ ബിസിനസ് തുടങ്ങിയിട്ട് പിന്നീട് നിയമപ്രശ്നങ്ങൾ നേരിട്ട് തുടർന്ന് പ്രവർത്തിക്കാൻ പറ്റാതെ നിറുത്തിപ്പോയ പല പ്രസ്ഥാനങ്ങളും നമ്മുടെ മുന്നിലുണ്ട്. അതിന്നാൽ തുടക്കം മുതലേ എല്ലാം ശരിയായി ചെയ്തുപോകാൻ ശ്രമിക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല എന്ന വാക്യം തുടക്കം മുതൽ ഓർക്കുന്നത് നല്ലതാണ്.


ഇന്ത്യൻ കമ്പനി നിയമപ്കാരം എല്ലാ  കമ്പനികളും രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്. തുടങ്ങുന്ന പ്രസ്ഥാനം അത് ഒറ്റക്കാണോ കൂട്ടുകൂടിയാണോ എന്ന് നോക്കണം. ഒറ്റക്കാണ് ബിസിനസ് നടത്താൻ ഉദ്ദേശ്ശിക്കുന്നതെങ്കിൽ അതിന് ഇന്ത്യൻ പ്രൊപ്രൈറ്റർഷിപ് കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. അതിൽ ഒരു വ്യക്തിക്കു മാത്രമായിരിക്കും  കമ്പനിയുടെ എല്ലാ കടങ്ങൾക്കും ബാധ്യതകൾക്കും ഉത്തരവാദിത്വം.


രണ്ടോ അതിൽ കൂടുതൽ വ്യക്തികളോ കൂട്ടുചേർന്ന് മുതൽമുടക്കി നടത്തുന്നതാണ്  പാർട്ണർഷിപ് കമ്പനി. ഇതിൽ രണ്ടു മുതൽ ഇരുപതു  വരെ അംഗങ്ങൾ ഉണ്ടായിരിക്കാം. 1923 -ലെ ഇന്ത്യൻ പാർട്ണർഷിപ് കമ്പനി ആക്ട് അനുസരിച്ചായിരിക്കണം ഇത് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിൽ കമ്പനിയുടെ എല്ലാ കാര്യങ്ങളിലും ലാഭത്തിലും നഷ്ടത്തിലും എല്ലാവർക്കും ഒരുപോലെയായിരിക്കും ഉത്തരവാദിത്വം.


ഒരു  പ്രൈവറ്റ് ലിമിറ്റഡ് കമ്പനി  രജിസ്റ്റർ ചെയ്യുന്നതിന് കുറഞ്ഞത് രണ്ട് ഡയറക്ടർമാർ, രണ്ട് അംഗങ്ങൾ, രണ്ട് ഷെയർഹോൾഡർമാർ  ആവശ്യമാണ്. കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം തയ്യാറാക്കിയ കമ്പനി ആക്റ്റ് 2013 പ്രകാരം ആണ്  ഇതിനെ  രജിസ്റ്റർ ചെയ്യുക. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ പരമാവധി പതിനഞ്ച് ഡയറക്ടർമാരെ വരെയേ ഉൾപെടുത്താൻ കഴിയുകയുള്ളു. ഈ  കമ്പനിയിലെ അംഗങ്ങളുടെ ബാധ്യത യഥാക്രമം കമ്പനി അംഗങ്ങളുടെ കൈവശമുള്ള ഷെയറുകളുടെ അളവിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ  കമ്പനിയുടെ ഓഹരികൾ പരസ്യമായി ട്രേഡ് ചെയ്യാൻ കഴിയില്ല.


ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ അംഗങ്ങൾ എത്രവേണമെങ്കിലും ആകാവുന്നതാണ്. വ്യക്തികളുടെ കൂട്ടായ്മയാണ് ഇത്. പരിമിതമായ ബാധ്യതയുള്ളതും പൊതുജനങ്ങൾക്ക് ഓഹരികൾ വാഗ്ദാനം ചെയ്യുന്നതുമായ കമ്പനിയാണ് ഇത്.  ഈ  കമ്പനി കർശനമായി നിയന്ത്രണവിധേയവും അതിൻെറ സാമ്പത്തിക സ്ഥിതി ഓഹരിയുടമകൾക്കായി  പ്രസിദ്ധികരിക്കേണ്ടതുമാണ്.


പങ്കാളികൾക്കെല്ലാം ചില പരിമിതമായ ബാധ്യതകളുള്ള ഒരു പങ്കാളിത്ത വ്യവസ്ഥയാണ് LLP  അഥവാ  Limited Liability Partnership.  അതിനാൽ ഇതിനു പങ്കാളിത്തവ്യവസ്ഥകളുടെയും കോർപ്പറേഷനുകളുടെയും ഘടകങ്ങൾ പ്രദർശിപ്പിക്കാൻ  കഴിയും.  ഇവിടെ ഒരു  പങ്കാളി  സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന  പ്രവർത്തനങ്ങൾക്കോ മറ്റ്  തീരുമാനങ്ങൾക്കോ അടുത്ത   പങ്കാളിക്ക്  ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ല എന്നതാണ് പ്രധാനമായ കാര്യം.  എൽ‌എൽ‌പി ആക്റ്റ്, 2008  പ്രകാരം ഇന്ത്യൻ പാർട്ണർഷിപ്പ് ആക്റ്റ്, 1932 ലെ വ്യവസ്ഥകൾ ഒരു എൽ‌എൽ‌പിക്ക് ബാധകമല്ല, മാത്രമല്ല ഇത് പങ്കാളികൾ തമ്മിലുള്ള കരാർ പ്രകാരം നിയന്ത്രിക്കപ്പെടുന്നതുമാണ്.


ഒരു കമ്പനി രൂപീകരിക്കാൻ നിയമപരമായി ചെയ്യേണ്ട ആദ്യപടികൾ ഇവയൊക്കെയാണ്. 


മുകളിൽ വിവരിച്ച കാര്യങ്ങൾ കമ്പനി തുടങ്ങാൻ വേണ്ടുന്ന ആദ്യപടിയുടെ ഒരു ചെറിയ വിവരണം മാത്രമാണ്. ഇതിനുവേണ്ടുന്ന കൂടുതൽ സഹായങ്ങൾക്കായി ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന, കമ്പനി രെജിസ്‌ട്രേഷൻ ചെയ്തുകൊടുക്കുന്ന ഏജൻസികളേയോ വ്യക്തികളെയോ സമീപിച്ചു ചെയ്തെടുക്കാവുന്നതാണ്. ഒരു നിശ്ചിത സമയത്തിനുള്ളിൽ വേണ്ടുന്നതായ രേഖകൾ സമർപ്പിച്ചു കമ്പനി രെജിസ്‌ട്രേഷൻ നേടിയെടുക്കാൻ സാധിക്കും.


ഇതോടൊപ്പം തന്നെ കമ്പനിക്ക് വേണ്ടുന്നതായ സ്ഥലവും കെട്ടിടങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു. തുടങ്ങാൻ പോകുന്ന സംരംഭത്തിന് അത്യാവശ്യം വേണ്ട സ്ഥല സൗകര്യങ്ങൾ മാത്രമേ ആദ്യസമയത്തു വേണ്ടിവരികയുള്ളൂ. പിന്നീട് വളർച്ചയുടെ സമയത്തു വേണ്ടുന്ന രീതിയിൽ എല്ലാം വർധിപ്പിക്കാവുന്നതേയുള്ളു. ആദ്യസമയങ്ങളിൽ ചിലവുകൾ കഴിവതും തന്നെ കുറയ്ക്കാൻ നോക്കണം.  ധാരാളിത്തം ഒട്ടും പാടില്ല.  ചിലവുകൾ ഇനിയും ഒരുപാടു വരാനുണ്ട് എന്ന ഓർമ്മ ഇപ്പോഴും ഉണ്ടായിരിക്കണം.


വ്യക്തമായ പ്ലാനും പദ്ധതിയും ഇല്ലാതെ, ധാരാളിത്തം കാണിച്ചു ആദ്യസമയങ്ങളിൽ വലിയ ആളുകളിക്കാൻ ഒരു സംരംഭകനും തുനിയരുത്. അത് പിന്നീട് നാശത്തിനെ വഴിവെക്കൂ.  ഇങ്ങനെ ചെയ്തു തുടക്കത്തിൽ തന്നെ ആഗ്രഹം പൂർത്തിയാക്കാതെ വാടിക്കരിഞ്ഞുപോയ ഒരുപാടു സംരംഭകരുടെ കഥ എല്ലാവർക്കും ഒരു പാഠമായിരിക്കണം.  ഇരിക്കുന്നതിന് മുമ്പേ ഒരിക്കലും കാല്  നീട്ടരുതെന്ന പഴമൊഴി ഇവിടെ പാലിക്കാൻ ശ്രമിക്കണം. 


തുടക്കത്തിലേ തന്നെ വ്യക്തമായ കണക്കു കൂട്ടലുകളോടെ വേണം സംരംഭകൻ മുന്നോട്ടു നീങ്ങാൻ. ആവശ്യത്തിന് വേണ്ടത് മാത്രം അതും വളരെ വ്യക്തതയോടും കരുതലോടും കൂടി  ചെയ്യാനുള്ള കഴിവും ഇച്ഛാശക്തിയും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ നാം സ്വപ്നം കണ്ട സ്വന്തമായി ഒരു ബിസിനസ് എന്ന ലക്ഷ്യത്തിലേക്കു എത്തിച്ചേരാൻ കഴിയൂ.


അദ്ധ്യായം - 3  

ഓഫീസും ജോലിക്കാരെയും എങ്ങനെ സജ്ജമാക്കണം
(How to set up office and staff)