അദ്ധ്യായം - 1

By  വിജി കെ. വർഗീസ് 

സ്വപ്നം കാണാത്ത ഒരു മനുഷ്യനും ഈ ലോകത്തിൽ ഉണ്ടാകില്ല .മിക്കവാറും എല്ലാവരും സ്വപ്നം രാത്രികാലങ്ങളിൽ ആണ് കാണുക. നേരം വെളുക്കുമ്പോൾ, അഥവാ കണ്ണ് തുറന്നുകഴിയുമ്പോൾ, കണ്ട സ്വപ്നം ചിലപ്പോൾ മറന്നുപോകുകയോ, അതൊരു സുഖമുള്ള ഓർമ്മയായി മാറുകയോ ആണ് സംഭവിക്കാറ്. ഉറക്കത്തിൽനിന്നു കണ്ണ് തുറന്ന്  യാഥാർഥ്യലോകത്തിലേക്ക് തിരിച്ചു വന്നുകഴിയുമ്പോൾ, നാം കണ്ടത് ഒരു സ്വപ്നം മാത്രമായിരുന്നു എന്ന തിരിച്ചറിവ് ആ കണ്ട സ്വപ്നത്തിൻെറ എല്ലാ സുഖവും നമ്മിൽ നിന്നും മായ്ച്ചു കളയുന്നു.

സാധാരണയായി എല്ലാവരും സ്വപ്നങ്ങൾ കാണുന്നത് രാത്രികാലങ്ങളിൽ ആണ്. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ പകൽ സമയങ്ങളിൽ നമ്മൾ ചിന്തിക്കുന്നതും ചുറ്റുപാടും കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളിൽ നിന്നുള്ളതായിരിക്കും. സ്വപ്നങ്ങൾ അത് നല്ലതും ചീത്തയും ആയിരിക്കാം. പക്ഷെ ആ സ്വപ്നങ്ങളുടെ ആയുസ് നമ്മൾ കണ്ണ് തുറക്കുന്നതുവരെ മാത്രമേയുള്ളു എന്നതാണ് സത്യം. അതിൽ ചീത്ത സ്വപ്നങ്ങൾ  മറക്കുന്നതിൽ നമുക്ക് പ്രശ്‍നമില്ല. പക്ഷെ നല്ല സ്വപ്നങ്ങൾ മറക്കുന്നതും മാഞ്ഞുപോകുന്നതും നമുക്ക് അത്രയ്ക്ക് സുഖമുള്ള കാര്യമല്ല.

ആഗ്രഹങ്ങൾ ഇല്ലാത്തവരും സ്വപ്നങ്ങൾ കാണാത്തവരും ആയി ഈ ലോകത്ത്‌ ആരും കാണില്ല. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ ആ കുട്ടിയുടെ ഓരോ ഘട്ടത്തിലുള്ള വളർച്ച, പഠനം, ജോലി , വിവാഹം , കുടുംബജീവിതം അങ്ങനെ എല്ലാം എല്ലാം നല്ലതായി കാണാൻ മാതാപിതാക്കൾ ആഗ്രഹിക്കുകയും, അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. അതുപോലെ ആ കുട്ടിയും ഇതൊക്കെ തന്നെ ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നു.

ഒരു കുട്ടിയുടെ പഠനം കഴിഞ്ഞാൽ അടുത്ത പടി ഒരു നല്ല ജോലി നേടിയെടുക്കുക എന്ന സ്വപ്നവും ആ സ്വപ്ന സാക്ഷാത്കാരത്തിന്നായുള്ള പരിശ്രമവും ആണ്. ആഗ്രഹിച്ചതിനനുസരിച്ചുള്ളതോ കുറച്ചു കുറഞ്ഞതോ ആയ ജോലി കിട്ടിക്കഴിഞ്ഞാൽ ജീവിതം ശരിയായി എന്ന വിചാരം ഒട്ടുമിക്കവർക്കും തോന്നിത്തുടങ്ങുക സാധാരണമാണ്. പക്ഷെ കുറച്ചുകാലം ജോലി നോക്കിക്കഴിയുമ്പോൾ ചിലർക്കൊക്കെ ആ ജോലി അത്രയ്ക്ക് സന്തോഷം പ്രധാനം ചെയ്യില്ല. അതിനു പല കാരണങ്ങളും ഉണ്ടാകാം. ചിലപ്പോൾ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്നില്ല എന്ന കാരണം ആകാം. മറ്റു ചിലപ്പോൾ മേലധികാരികളുമായി ഒത്തുപോകാൻ കഴിയാത്തതുകൊണ്ടാകാം.  ഇതൊന്നുമല്ലാതെ എന്തിന് ഞാൻ മറ്റൊരാളുടെ കീഴിൽ അവൻ പറയുന്നത് കേട്ട് ജോലിചെയ്യണം എന്ന ഭാവം കൊണ്ടായിരിക്കാം.

ഓരോരുത്തർക്കും കഴിവുകൾ പലതാണ്. സ്വപ്നങ്ങളും ചിന്താഗതികളും വിഭിന്നമാണ്‌. ആഗ്രഹങ്ങളും ആശയങ്ങളും വേറെവേറെയാണ്. ചെയ്യുന്ന ജോലിയിൽ സ്വന്തം കഴിവുകൾ  പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ, നല്ല കഴിവുള്ളവർക്ക് അതുമായി യോജിച്ചുപോകാൻ കഴിയില്ല. അവർ സ്വപ്നം കാണാൻ തുടങ്ങും. എന്തുകൊണ്ട് എനിക്കും സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങിക്കൂടാ. തൻെറ ആശയങ്ങളും വിവരവും വെച്ച് സ്വന്തമായി ഒരു ബിസിനസ് എന്ന ആശയം, സ്വപ്‍നം അവിടെ മൊട്ടിടുന്നു. ആ സ്വപ്‍നം പിന്നീട് പടിപടിയായി യാഥാർഥ്യമാക്കാനുള്ള പരിശ്രമം തുടങ്ങുന്നു. ഇവിടെ ഒരു സംരംഭകൻ ഉദയം കൊള്ളാൻ തുടങ്ങുന്നു.

സ്വന്തമായ ഒരു ബിസിനസ് എന്ന സ്വപ്നം കാണുക. ആ സ്വപ്നലക്ഷ്യം എത്ര നക്ഷത്രദൂരം അകലെയാണെങ്കിലും അവിടെ എന്തു പ്രയാസം സഹിച്ചായാലും എത്തിച്ചേരാൻ കഴിയുക എന്നതാണ് ഒരു സംരംഭകൻ  ചെയ്യേണ്ടത്. സ്വപ്നം കാണാൻ എനിക്ക് കഴിയുമെങ്കിൽ, അത് നേടിയെടുക്കാൻ ഉള്ള കഴിവും ഉണ്ടെന്ന ആത്മവിശ്വാസം അതാണ് ഒരു സംരംഭകൻെറ വിജയ രഹസ്യം.

ബിസിനസ് തുടങ്ങുക എന്ന ആശയം മൊട്ടിട്ടുകഴിഞ്ഞാൽ പിന്നെ ആ ലക്ഷ്യം നേടാനുള്ള പരിശ്രമം തുടങ്ങുകയായി. ആശയം, ആഗ്രഹം ഇവകൊണ്ട് ഒരു ബിസിനസ് തുടങ്ങാൻ കഴിയില്ല. ഇതൊരു പ്രേരകശക്തി മാത്രമാണ്. സ്വപ്‍നം കാണുക സുഖമുള്ള അനുഭവം ആണ്. കണ്ട സ്വപ്നം പ്രാവർത്തികമാക്കുക ഒരു സമുദ്രം നീന്തിക്കടക്കുന്നത് പോലെയാണ്. അതിനു കടമ്പകൾ മുന്നിൽ നീണ്ടുനിവർന്നു കിടക്കുകയുമാണ്. അത് താണ്ടി മുന്നേറാനും ലക്‌ഷ്യം നേടാനും കഴിയണം.

ഒരു ബിസിനസ് പടുത്തുയർത്തുക എന്നത് ചില്ലറ കാര്യമല്ല. അതിനു ഒരുപാടൊരുപാട് തയാറെടുപ്പുകൾ നടത്താനുണ്ട്‌. ഒരാവേശം കൊണ്ട് ബിസിനസ് തുടങ്ങാൻ ഒരിക്കലും മുതിരരുത്. ആശയം മാത്രം പോരാ, അതിനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവും പ്രാപ്തിയും അത് ആളുകൊണ്ടും  അർത്ഥംകൊണ്ടും  ചെയ്യാൻ സംരംഭകന് കഴിയണം.

തുടങ്ങാൻപോകുന്ന ബിസിനസ് എന്തായാലും അതിനെപ്പറ്റിയുള്ള വ്യക്തമായ അറിവും വിവരവും സംരംഭകന് ഉണ്ടായിരിക്കേണ്ടത് വളരെ ആവശ്യമാണ്. എല്ലാക്കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാട് നടത്തിപ്പുകാരന് ഉണ്ടായിരിക്കണം എന്നർത്ഥം. കയ്യിൽ കുറച്ചു പണം ഉണ്ടങ്കിൽ എന്തു ബിസിനെസ്സും  തുടങ്ങാം എന്ന ധാരണ ഇന്ന് ഒരുപാടുപേർക്കുണ്ട്. ഇതൊരു മിഥ്യാധാരണ മാത്രമാണ് എന്ന് പിന്നീടേ മനസിലാകൂ. പണം മാത്രംകൊണ്ടു ബിസിനസ് തുടങ്ങി കുറച്ചുകാലം കഴിയുമ്പോൾ കയ്യിലുണ്ടായിരുന്ന പണം മുഴുവൻ തീർന്ന് പാപ്പരായി എല്ലാം അടച്ചുപൂട്ടേണ്ടിവന്നവരുടെ ഒരുപാട് കഥകൾ നമ്മുടെ മുന്നിലുണ്ട്. എന്നിരുന്നാലും പണത്തിനു ബിസിനസിൽ  ഒരു വലിയ പങ്കുണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കാൻ പാടില്ല. പണത്തിന് ബിസിനസിൽ ഓക്സിജൻെറ സ്ഥാനം ആണുള്ളത്. അതുപോലെ തന്നെ പ്രധാനപ്പെട്ട  ഒരുപാടു കാര്യങ്ങൾ വേറെയും ഉണ്ട്. അത് ഒരിക്കലും കണ്ടില്ലെന്നു നടിച്ചാൽ ബിസിനസ് അവതാളത്തിലാകും.

ബിസിനസ് എന്ന ആശയം ചിലപ്പോൾ ഒരാളുടേത് ആയിരിക്കാം. പക്ഷെ അത് നടപ്പിൽ വരുത്താൻ നല്ല ആശയങ്ങളും, കഴിവുകളും, ചിന്താധാരകളും, ഉത്സുകതയും, കഠിനാദ്ധ്വാനശേഷിയും, ആത്മാർത്ഥതയും ഒക്കെ കൈമുതലായുള്ള ഒരുകൂട്ടം സഹായികളുടെ കൂടെ ആവശ്യം ഉണ്ട്. ഇത്തരം കഴിവുകൾ ഉള്ളവരെ കൂടെ നിർത്താൻ ഓരോ സംരംഭകനും തയാറാകണം. കാരണം എല്ലാ കാര്യത്തിലും സംരംഭകൻ കൈകടത്തുക എന്നത് അസാധ്യമായ കാര്യമാണ്. അങ്ങനെ എല്ലാകാര്യങ്ങളും സംരംഭകൻ തന്നെ  ചെയ്യേണ്ടിവന്നാൽ ആ ബിസിനസ് വൺ മെൻ ആർമി പോലെയാകും. ബിസിനസ് ഒരാൾക്ക് മാത്രം നോക്കി നടത്താൻ പറ്റുന്ന കാര്യമല്ലെന്ന തിരിച്ചറിവ് നടത്തിപ്പുകാരന് ഉണ്ടായിരിക്കണം. ഓരോ കാര്യങ്ങൾ ചെയ്യാനും നോക്കിനടത്താനും വേറെവേറെ സഹായികൾ, അങ്ങനെയുള്ള ഒരുകൂട്ടം സഹായികൾ നിറഞ്ഞതായിരിക്കണം ഒരു ബിസിനസ് സാമ്രാജ്യം. അവരെയെല്ലാം ഒരേപോലെ ഒരു നൂലിഴയിൽ കോർത്തി നോക്കിനടത്തേണ്ടുന്ന ഒരു മേൽനോട്ടക്കാരൻ ആയിരിക്കണം ബിസിനസുകാരൻ. എങ്കിൽ മാത്രമെ  എല്ലാം നന്നായി മുന്നോട്ടു നടത്തിക്കൊണ്ട്‌ പോകാൻ കഴിയൂ.

ആത്മവിശ്വാസത്തോടെ, ലക്ഷ്യബോധത്തോടെ, ശ്രദ്ധയോടെ, പരിശ്രമിക്കാൻ ഉള്ള ധൈര്യംവും  ചങ്കൂറ്റവും ഉണ്ടെങ്കിൽ, ഉറപ്പാണ്,  നമ്മുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനാകും.

അടുത്ത അദ്ധ്യായം ........ 2 

ഒരു ബിസിനസ് തുടങ്ങുന്നതിൻെറ ആദ്യ പടി
(The First Step in Starting  a Business)