അദ്ധ്യായം - 3 

By  വിജി കെ. വർഗീസ്

ഒരു ബിസിനസ്  തുടങ്ങുമ്പോൾ വളരെ അത്യാവശമായ ഒന്നാണ്  അതിൻെറ   നിലയ്ക്കും വിലയ്ക്കും ഉള്ള ഒരു ഓഫീസ് ഉണ്ടായിരിക്കുക എന്നത്.  ബിസിനസിൻെറ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ടുപോകാൻ ഒരു ഓഫീസ് സംവിധാനം വളരെ അത്യന്താപേക്ഷിതമാണ്. ചെയ്യുന്ന ബിസിനസിൻെറ ദിവസേനയുള്ള വരവ് ചെലവ് കണക്കുകളും ജോലിക്കാരുടെ കാര്യങ്ങളും ഉത്പാദന പ്രവർത്തനങ്ങളും അങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങൾ നോക്കിനടത്തുന്നത് അതിൻെറ ഓഫീസിൽ ഇരുന്നുകൊണ്ടാണ്. അതുകൊണ്ടാണ്  ഓഫീസ്  ബിസിനസിൻെറ ജീവനാഡിയാണെന്ന് പറയാൻ കാരണം.

ഓഫീസ് നിർമിക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഏതൊരു സംരംഭത്തിൻെറയും കേന്ദ്രസ്ഥാനം അതിൻെറ  ഓഫീസ് ആണ്. ഇടപാടുകാർ, അഭ്യുദയകാംക്ഷികൾ, മാർക്കറ്റിലെ എതിരാളികൾ അങ്ങനെ എല്ലാവരും ആദ്യം എത്തുന്നത് ഓഫീസിൽ ആണ്. അതിനാൽ വരുന്നവർ ആരായിരുന്നാലും അവർക്കു  കമ്പനിയെപ്പറ്റിയുള്ള  ആദ്യമായുള്ള  വിലയിരുത്തൽ നടത്തുന്നത് ഓഫീസ് സെറ്റപ്പ് നോക്കിയാണ്. അതിനാൽ ഓഫീസ് ഭംഗിയായി നിർമിക്കേണ്ടതും അത് നന്നായി നോക്കി പരിപാലിച്ചു കൊണ്ടുപോകേണ്ടതും നിങ്ങളുടെ ബിസിനസിൻെറ വളർച്ചക്ക് വളരെ അത്യന്താപേക്ഷിതമാണ്.

ആരു വന്നാലും അവർക്ക് നിങ്ങളിലും നിങ്ങളുടെ ബിസിനസിലും ഒരു മതിപ്പുളവാക്കുന്ന രീതിയിൽ ആയിരിക്കണം ഓഫീസ്. അതിനു വേണ്ടുന്ന രീതിയിൽ മോടിപിടിപ്പിക്കാൻ ഒരിക്കലും മടികാണിക്കരുത്. നല്ലരീതിയിൽ അലങ്കരിച്ചൊരുക്കണം ഓഫീസ്. എന്നുവെച്ചു അത് അധികമാകാനും പാടില്ല. സിംപിൾ ആൻറ് ബെസ്ററ്  ആയിരിക്കണം. ആദ്യകാലങ്ങളിൽ എല്ലാകാര്യത്തിലും  ചെലവ് കുറയ്ക്കണം എന്നത് ശരിയാണെങ്കിലും എല്ലാകാര്യത്തിലും അത് സാധ്യമല്ല. ഓഫീസ് അതിലൊന്നാണ്. ആദ്യമായി വരുന്ന ഒരാൾക്ക് നിങ്ങളുടെ സെറ്റപ്പ് ഇഷ്ടമായില്ലങ്കിൽ അവരിൽനിന്നു  ബിസിനസ് കിട്ടുക ബുദ്ധിമുട്ടാണ്.

ഇങ്ങനെ പറയുമ്പോൾ ഒരു ചോദ്യം പ്രസക്തമാണ്. എന്താ ഓഫീസ് നോക്കിയാണോ കച്ചവടം നടക്കുക, അല്ലാതെ  കൊടുക്കുന്ന നല്ല സേവനത്തിലും ഉല്പന്നത്തിൻെറ  ഗുണമേന്മയിലും അല്ലേ  ഉപഭോക്താവ് ശ്രദ്ധിക്കുക. അവിടെ ഓഫീസിൻെറ മോടിയിൽ എന്തു പ്രസക്തി. ശരിയാണ്. പക്ഷെ ഒന്നോർക്കണം, നമ്മൾ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോൾ  കടയുടെ പുറമെനിന്നുള്ള മോടികൂടി നോക്കിയല്ലേ  പ്പോഴും  അകത്തു കയറുകായുള്ളു.  അതുകൊണ്ടാണ് പറയുന്നത് ആദ്യം കാണുന്ന പുറംമോടിയാണ് ആൾക്കാർ ശ്രദ്ധിക്കുക എന്നത്. അതിനാൽ ഓഫീസ് സാമാന്യം നന്നായി ആരെയും ആകർഷിക്കുന്ന രീതിയിൽ മോടിയാക്കി വെയ്ക്കാൻ ശ്രമിക്കുക. അത് നിങ്ങളുടെ ആദ്യത്തെ സെല്ലിങ് പോയിൻറ് ആണെന്ന കാര്യം ഓർമ്മയിലിരിക്കണം.

ഒരു പ്രൊഫഷണൽ ഇമേജ് ബിസിനെസിന് ഉണ്ടാക്കിയെടുക്കാൻ അതിൻെറ ഓഫീസ് സെറ്റപ്പ് വളരെ പ്രധാനമാണ്. ഓഫീസിൽ കയറിവരുന്ന ആർക്കും ഒരു പോസിറ്റീവ് വൈബ് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന തരത്തിലായിരിക്കണം ഓഫിസ് സെറ്റ് ചെയ്യേണ്ടത്. അതുപോലെതന്നെ ജോലിചെയ്യുന്ന ജീവനക്കാർക്കും സന്തോഷകരവും ആരോഗ്യകരവുമായ ഉത്തേജനം  പ്രധാനം ചെയ്യുന്നതായിരിക്കണം ഓഫീസിലെ അന്തരീക്ഷം. അത് അവരുടെ ജോലിയിലെ പ്രൊഡക്ടിവിറ്റി കൂട്ടാൻ സഹായിക്കും എന്നതിൽ സംശയമില്ല.

നിങ്ങളുടെ ഓഫീസ് രൂപകല്പന ചെയ്യുമ്പോൾ ഓർക്കേണ്ട പ്രധാന കാര്യം കമ്പനിയുടെയും കമ്പനി ചെയ്യുന്നതോ നിർമിക്കുന്നതോ ആയ പ്രൊഡക്ടിൻെറയും മൂല്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കണം എന്നതാണ്. കമ്പനി എന്താണോ ചെയ്യുന്നത് അതിൻെറ വ്യക്തവും സൂക്ഷ്മവും ആയ ചിത്രവും ഒരു രത്നചുരുക്കവും വരുന്നവർക്ക് കാണാനും മനസിലാക്കാനും കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കാൻ മറക്കരുത്. ഇതു കാണുമ്പോൾ കമ്പനിയും കമ്പനി എന്താണ് ചെയ്യുന്നത് എന്നും പറയാതെതന്നെ വരുന്നവർക്ക്  മനസിക്കിയെടുക്കാൻ സാധിക്കണം.

ശരിയായ നിറങ്ങൾ ആളുകളിൽ ശക്തമായ മാനസിക സ്വാധീനം ചെലുത്തും, അത് അവർക്ക് സന്തോഷം പ്രധാനം ചെയ്യും. അതിനാൽ   ഓഫീസിലും കടന്നുവരുന്നവർക്കു കണ്ണിനു കുളിർമ പകരുന്ന തരത്തിൽ ആയിരിക്കണം ചുവരുകളും മറ്റും കളർ ചെയ്യേണ്ടത്. അതുപോലെ തന്നെ ഓഫീസിലെ വെളിച്ച സംവിധാനവും ആ കളറുകൾക്കു യോജിക്കുന്ന താരത്തിലായിരിക്കണം ചെയ്യേണ്ടത്. 

അതുപോലെ വരുന്നവരെ ആകർഷിക്കുന്ന രീതിയിൽ ആനുകാലിക പ്രസക്തിയുള്ളതും വരുന്നവർക്ക് ഇഷ്ടപ്പെടാൻ സാധ്യത ഉള്ളതുമായ വിഷയങ്ങളുടെ പുസ്തകങ്ങളോ മാസികകളോ ന്യൂസ് പേപ്പറുകളോ ഒക്കെയുള്ള ഒരു ചെറിയ ലൈബ്രറി ഹാളിൽ പ്രദർശിപ്പിക്കുന്നത് നന്നായിരിക്കും. ഇന്ന് വായനാശീലം വളരെകുറവായതിനാൽ അങ്ങനെയുള്ളവർക്കായി ഹാളിൽ ടീവി വെക്കുന്നതും നല്ലതാണു. കുറച്ചു നേരം ഇരിക്കേണ്ടിവരുന്ന ഇടപാടുകാർക്ക് അത് ഒരു നേരംപോക്കുകൂടി ആയിരിക്കും. കൂടാതെ അവർക്കു കഴിക്കാനായി ചായ, ചെറിയ സ്നാക്സുകൾ കൂടി ഹാളിൽ അറേഞ്ച് ചെയ്യുന്നതും വരുന്നവരിൽ മതിപ്പുളവാക്കാൻ .സഹായിക്കുന്നതാണ്. ഒപ്പം ഭംഗിയുള്ള  നല്ല ചെടികൾ, ഫിഷ് പോണ്ട്, ഡെക്കറേറ്റ് ചെയ്ത ഗ്ലാസ് കാബിനുകൾ എല്ലാം കണ്ണിനു കുളിർമയേകുന്ന രീതിയിൽ ചെയ്തു വെയ്ക്കുന്നതു മറ്റുള്ളവരെ ആകർഷിക്കാൻ കഴിയും. ഇതെല്ലാം നിങ്ങളുടെ സ്ഥാപനത്തിൻെറ അന്തസ് ഉയർത്തിക്കാണിക്കാൻ സഹായിക്കുന്നതാണ്.

ഓഫിസ് പോലെത്തന്നെ ഓഫീസ് ജീവനക്കാരും വളരെ പ്രാധാന്യം അർഹിക്കന്നതാണ്. ജീവനക്കാരെ തിരഞ്ഞെടുക്കുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പലതാണ്. കമ്പനിയുടെ പ്രവർത്തനത്തിനും ലക്ഷ്യങ്ങൾക്കും ഉതകുന്നവരായിരിക്കണം ജോലിക്കാർ എല്ലാവരും. കമ്പനിയുടെ വളർച്ചക്ക് വളരെ ആവശ്യമുള്ള ഘടകങ്ങളിൽ ഒന്നാണ് അവർ. അതുകൊണ്ടു നല്ല കഴിവും പ്രാപ്തിയും ഉള്ളവരെ ആയിരിക്കണം ജോലിക്കായി തിരഞ്ഞെടുക്കേണ്ടത്. 

ആദ്യമായി സ്ഥാപനത്തിന് വേണ്ടുന്ന ഡിപ്പാർട്ട്മെൻറുകളും അവിടെ വേണ്ടതായ ജോലിക്കാരുടെയും  ലിസ്റ്റ് തയ്യാറാക്കണം. സാധാരണയായി മാനേജ്മെൻറ്, അക്കൗണ്ട്സ്, സെയിൽസ്, മാർക്കറ്റിംഗ്, പ്രൊഡക്ഷൻ, പാക്കിങ്ങ് അങ്ങനെ ഓരോ ബിസിനസിനും വേണ്ടുന്ന ഡിപ്പാർട്ട്മെൻറുകൾ  തരംതിരിച്ചു അതിനോരോന്നിനും വേണ്ടുന്ന കഴിവുള്ള ജോലിക്കാരെ കണ്ടുപിടിക്കണം. ഓരോരുത്തരുടെയും കഴിവുകളും പ്രവർത്തിപരിചയവും നോക്കിവേണം തിരഞ്ഞെടുപ്പ് നടത്താൻ.

ഒരു പ്രസ്ഥാനം നന്നാക്കാനും നശിപ്പിക്കാനും അവിടത്തെ ജോലിക്കാർ വിചാരിച്ചാൽ  നടക്കും എന്നകാര്യം സത്യമാണ്. മുതലാളിക്ക് കമ്പനിയുടെ എല്ലാ  കാര്യങ്ങളിലും ഏപ്പോഴും ശ്രദ്ധിക്കാൻ സാധിക്കുന്ന കാര്യമല്ല. അയാൾക്ക്‌ കമ്പനിയുടെ വേറെ നൂറുകൂട്ടം മാനേജ്മെൻറ് കാര്യങ്ങൾ ചെയ്യാനുണ്ട്. അത്  ജോലിക്കാർക്ക് ചെയ്യാൻ കഴിയുന്ന കരകാര്യമല്ല. അതിനാൽ കമ്പനിയുടെ ദിവസേനയുള്ള കാര്യങ്ങൾ,  ഉത്പാദനം, വിപണനം അങ്ങനെയുള്ള കാര്യങ്ങളെല്ലാം വിശ്വസ്തരായ ജോലിക്കാരാണ് നിർവഹിക്കുന്നത്. അവരിൽനിന്നു ദിവസേന റിപ്പോർട്ട് വാങ്ങുകയും വേണ്ട തെറ്റുതിരുത്തലുകൾ നടത്തുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് ഉടമയുടെ ജോലി. 

ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോൾ അവർ കഴിവുള്ളവരാണോ സത്യസന്ധരാണോ എന്ന കാര്യം വളരെ ശ്രദ്ധിക്കേണ്ട  ഒന്നാണ്. നേരത്തെ പറഞ്ഞതുപോലെ ദിനംപ്രതിയുള്ള കമ്പനിയുടെ എല്ലാകാര്യങ്ങളും നോക്കി നടത്തേണ്ടവനാണ് ജോലിക്കാരൻ. അവരാണ് ഒരുതരത്തിൽ പറഞ്ഞാൽ കമ്പനിയുടെ നട്ടെല്ല്.  അവർ കഴിവില്ലാത്തവരായാൽ എന്തായിരിക്കും സ്ഥിതി എന്ന് പറയേണ്ടതില്ലല്ലോ.

എല്ലാകാര്യത്തിലും ഉടമ കൈകടത്തുന്നത് ബിസിനസിൽ നന്നല്ല. അതിനാണ് ജീവനക്കാർ ഉള്ളത്. അവർ അവരുടേതായ പണികൾ ചെയ്യട്ടെ. അവരെ വേണ്ടസമയത് വേണ്ടതായ ഉപദേശങ്ങളും നിർദേശങ്ങളും നൽകി നിയന്ത്രിക്കുകയാണ് ഉടമ ചെയ്യേണ്ടത്. ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ജോലിക്കു സീമകൾ ഉണ്ട്. അതിനേക്കാളേറെ ചെയ്‍താൽ  തെറ്റുകൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ചെറിയ ചെറിയ തെറ്റുകൾ ഒരുപക്ഷേ വലിയ നഷ്ടങ്ങൾ വരുത്താൻ സാധ്യതയുണ്ട്. അതിനാൽ നല്ല ജോലിക്കാരെ തിരഞ്ഞെടുത്തു അവർക്ക് ജോലികൾ ഭാഗിച്ചുകൊടുത്തു അവരെക്കൊണ്ടു പണിയെടുപ്പിച്ചു എല്ലാത്തിലും ഒരു കണ്ണുനട്ട് ഇരിക്കുന്ന നല്ലൊരു വാച്ച്മാൻ ആയിരിക്കണം ഉടമകൾ.


അടുത്ത അദ്ധ്യായം ഉടൻ .......

എങ്ങനെയായിരിക്കണം സെയിൽസും മാർക്കറ്റിങ്ങും